ചരിത്രം
ഏകദേശം 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നത്. 1498-ല്‍ കോഴിക്കോട് കാപ്പാടില്‍ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1684 കാലഘട്ടങ്ങളില്‍ ആറ്റിങ്ങല്‍ റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇവിടെയെത്തി കുരുമുളകു വ്യാപാരം നടത്തിവന്നു. 1644-ല്‍ വിഴിഞ്ഞത്ത് വ്യവസായശാല സ്ഥാപിക്കാന്‍ വേങ്ങോട് രാജാവില്‍ നിന്നും ഇംഗ്ളീഷുകാര്‍ക്ക് അനുവാദം കിട്ടി. 1684-ല്‍ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു കച്ചവടകേന്ദ്രം തുടങ്ങി. തുടര്‍ന്ന് ജോണ്‍ബ്രാബോണ്‍ എന്ന കമ്പനി ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരം 1690-ല്‍ അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുത്തക അവകാശത്തോടുകൂടി കച്ചവടം നടത്താനും റാണി കമ്പനിക്ക് അനുവാദം നല്‍കി. 1695-ല്‍ കോട്ടയുടെ പണി പൂര്‍ത്തിയായി. 75 വെനീഷ്യന്‍ നാണയം പ്രതിവര്‍ഷം കോട്ടയ്ക്കു വാടക നല്കിക്കൊണ്ട് 251 ഏക്കര്‍ സ്ഥലം കമ്പനി അവകാശം സ്ഥാപിച്ചെടുത്തു. അഞ്ചുതെങ്ങ് കിട്ടിയത് ബ്രിട്ടീഷുകാര്‍ക്ക് വടക്കോട്ടുള്ള ജലഗതാഗതത്തിന് സഹായകമായി. അതോടെ സൈനിക സാമഗ്രികള്‍ സംഭരിക്കുന്ന കേന്ദ്രവും ഇവിടെ തുടങ്ങി. 1697-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം ഉണ്ടായി. പക്ഷേ അത് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നാട്ടുകാരും ഇംഗ്ളിഷുകാരും തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായിത്തുടങ്ങിയിരുന്നു. ഗിഫോര്‍ഡ് (ഈസ്റ്റ് ഇന്ത്യ കമ്പനി അധിപന്‍) ആറ്റിങ്ങല്‍ പോകുംവഴി നാട്ടുകാര്‍ ആക്രമിച്ചു. ഗിഫോര്‍ഡിന്റെ സഹായി മാര്‍ഹിറോസിന്റെ അവയവം നാട്ടുകാര്‍ ഛേദിച്ചു. ഗിഫോര്‍ഡിന്റെ ശരീരം തടിയോട് ചേര്‍ത്ത് ആണിയടിച്ച് വെള്ളത്തിലൊഴുക്കി. കൂടെയുണ്ടായിരുന്നവരെ മുഴുവന്‍ കൊന്നാടുക്കുകയും കോട്ട ആക്രമിക്കുകയും ചെയ്തു. റാണിയുടെ അറിവുകൂടാതെ ഇതെല്ലാം നടത്തിയ കാരണത്താല്‍ തലശ്ശേരിയില്‍ നിന്നും മിസ്ഫോര്‍ഡും മുന്നൂറ് ഭടന്മാരും റാണിയുടെ സമ്മതത്തോടെ നാട്ടുകാരെ ആക്രമിച്ചു. 1723-ല്‍ കോട്ടയുടെ ഭരണം മിസ്ഫോര്‍ഡ് ഏറ്റെടുത്തു. റാണിയും കമ്പനിയും തിരുവിതാംകൂര്‍ രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ഒപ്പുവച്ചു. അങ്ങനെയങ്ങനെ പശ്ചിമതീരത്തു ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധസങ്കേതമായി അഞ്ചുതെങ്ങ് മാറി. ഇംഗ്ളീഷ് വ്യാപാരികള്‍ നേതാവായ ഗിഫോര്‍ഡിന്റെ കീഴില്‍ നടത്തിയ ധാര്‍ഷ്ട്യ പ്രവൃത്തികള്‍ നാട്ടുകാരെ ശത്രുക്കളാക്കി മാറ്റിയിരുന്നു. 140 ഇംഗ്ളീഷുകാരുടെ സംഘവുമായി ഗിഫോര്‍ഡ് ആറ്റിങ്ങല്‍ റാണിയെ കാണുവാനായി പുറപ്പെട്ടത് സ്ഥലവാസികളെ രോഷാകുലരാക്കി. അവര്‍ സംഘത്തെ ആക്രമിച്ചു. മുഴുവന്‍ ആള്‍ക്കാരെയും കൊന്ന് 1721 ഏപ്രില്‍ 15-ന് കോട്ട വളഞ്ഞു. ഈ ഉപരോധം 6 മാസം നീണ്ടുനിന്നു. തലശ്ശേരിയില്‍നിന്ന് കൂടുതല്‍ സേനയെ വരുത്തിയാണ് ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ് കോട്ട മോചിപ്പിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി ഭാരതത്തിലുണ്ടായ ആദ്യത്തെ സംഘടിത മുന്നേറ്റമായിരുന്നു ആറ്റിങ്ങല്‍ കലാപമെന്ന് ചരിത്രം രേഖപ്പെടുത്തിയ ഈ സംഭവം. 1809-ല്‍ അഞ്ചുതെങ്ങ് തിരുവിതാംകൂര്‍ റസിഡന്‍സിന്റെ അധീനതയിലായി. കോട്ടയുടെ മുകളില്‍ അതീവ മനോഹരമായ നാല് ബംഗ്ളാവുകളും കൂറ്റന്‍ കൊടിമരവും ഉണ്ടായിരുന്നു. ബ്രിട്ടീഷുഭരണകാലത്ത് തന്നെ 1928 മുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. 1928 ല്‍ ഇലക്ഷനില്‍ എല്ലാപേരും വോട്ടു രേഖപ്പെടുത്തിയിരുന്നില്ല. കരം കൊടുക്കുന്നവര്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അന്നുമുതല്‍ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി വാമദേവന്‍, ജെ.സി.പെരേര (ഈസ്റ്റ് ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍സ്), ബ്രാണ്ടന്‍ബര്‍ക്ക് (ആംഗ്ളോ ഇന്ത്യന്‍സ്), കെ.പി.വേലായുധന്‍ എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940 മുതല്‍ രണ്ടു വര്‍ഷക്കാലം അഞ്ചുതെങ്ങ് പഞ്ചായത്ത് ഇല്ലാതാവുകയും, കടയ്ക്കാവൂര്‍ പഞ്ചായത്തിനോട് ചേര്‍ക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് കായിക്കരയുടെ (ഹാച്ചിവാളാകം) ഒരു ഭാഗം കൂടി ചേര്‍ത്ത് 4 വാര്‍ഡാക്കി അഞ്ചുതെങ്ങ് പഞ്ചായത്ത് പുനസ്ഥാപിച്ചത് 1952-ലാണ്.
ജില്ല : തിരുവനന്തപുരം
ബ്ളോക്ക് : ചിറയിന്‍കീഴ്
വിസ്തീര്‍ണ്ണം : 3.36 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 14
ജനസംഖ്യ : 16732
പുരുഷന്‍മാര്‍ : 8267
സ്ത്രീകള്‍ : 8475
ജനസാന്ദ്രത : 4983
സ്ത്രീ : പുരുഷ അനുപാതം : 1025
മൊത്തം സാക്ഷരത : 72.49
സാക്ഷരത (പുരുഷന്‍മാര്‍) : 74.02
സാക്ഷരത (സ്ത്രീകള്‍) : 71.02
Source : Census data 2001
|
|
ഭൂപ്രകൃതി
കടല്‍ത്തീരത്തിന് സമാന്തരമായി ഇടവിട്ടു കിടക്കുന്ന ഉയര്‍ന്ന മണല്‍പ്പരപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. നെടുങ്കണ്ട പ്രദേശത്തെ ഒരേയൊരു ഉയര്‍ന്ന കുന്നിന്‍ചെരിവ് മാത്രമാണ് ഈ പഞ്ചായത്തിലുളളത്. ബാക്കി വാര്‍ഡുകളെല്ലാം തന്നെ തീരസമതലങ്ങളാണ്. പടിഞ്ഞാറ് അറബിക്കടലിനും, കിഴക്ക് അഞ്ചുതെങ്ങ് കായലിനും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അഞ്ചുതെങ്ങ്. ഉഷ്ണമേഖലാ മഴവനകാലാവസ്ഥയാണ് ഈ പഞ്ചായത്തിന്റേത്. മണ്‍സൂണ്‍ കാലങ്ങളില്‍ കനത്ത മഴയും സുഖകരമായ മഞ്ഞുകാലവും വരണ്ട വേനലും ലഭിക്കുന്നു. പൊതുവേ മണല്‍ത്തരികളും പൊടിമണലും ചേര്‍ന്നതാണ് ഇവിടുത്തെ മണ്ണ്. നെടുംങ്ങണ്ട പ്രദേശത്ത് എക്കല്‍ മണ്ണ് കലര്‍ന്ന മണല്‍ കാണപ്പെടുന്നു. നീര്‍വാര്‍ച്ചയുള്ളതും പൊതുവേ അമ്ലതയുളളതുമായ മണ്ണാണ്. പടിഞ്ഞാറുഭാഗത്ത് മണ്ണിന്റെ നീര്‍വാര്‍ച്ച കൂടുതലാണ്.
തൊഴില്‍
അഞ്ചുതെങ്ങ് പഞ്ചായത്ത് ഒരു കാര്‍ഷിക മേഖലയായിരുന്നെന്നോ ആണെന്നോ പറയാന്‍ കഴിയില്ല. ഇവിടെ കൃഷിക്കാര്‍ എന്ന പേരില്‍ ആരും അറിയപ്പെടുന്നില്ല. ഇവിടെ പ്രധാന വിള തെങ്ങാണ്. നെല്ലുല്‍പാദനം ഒട്ടും തന്നെയില്ല. തെങ്ങുകൃഷിക്കാര്‍ എന്ന് പറയാന്‍ നാമമാത്ര ആളുകള്‍ മാത്രമേയുളളൂ. ഏകദേശം അഞ്ചു കിലോമീറ്റര്‍ കടല്‍ത്തീരവും 41/2 കിലോമീറ്റര്‍ കായലോരവുമുളള ), വലിയവലയും (ചൂരാ, നെയ്മീന്‍, തേട്, സ്രാവ്) ഉപയോഗിക്കുന്നു. പ്ളൈവുഡും കട്ടമരവുമാണ് ഇവിടത്തെ മത്സ്യ തൊഴിലാളികള്‍ ഉപയോഗിക്കുന്ന മറ്റ് പ്രധാന മത്സ്യബന്ധനോപകരണങ്ങള്‍. മത്സ്യബ ന്ധന രംഗത്ത് സമീപകാലത്ത് ദ്രുതഗതിയിലുളള മാറ്റങ്ങള്‍ ദൃശ്യമാണ്. ഇന്നിപ്പോള്‍ യന്ത്രവല്‍കൃതരീതി വന്നിരിക്കുന്നു. പഴയ സമ്പ്രദായത്തിലുള്ള മത്സ്യബന്ധനോപാധികളുടെ സ്ഥാനത്ത് വലിയ വളളങ്ങളും ഫൈബര്‍ ബോട്ടുകളും നിലവില്‍ വന്നു. മത്സ്യവിപണന സഹകരണരംഗത്ത് വലിയ സംഘങ്ങളും ചെറിയ സംഘങ്ങളും സര്‍വ്വീസ് സൊസൈറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തില്‍ ഒരു പബ്ളിക് മാര്‍ക്കറ്റ് മാത്രമാണ് നിലവിലുളളത്.
അടിസ്ഥാന സൌകര്യങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. ജില്ലയില്‍ ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള പഞ്ചായത്തുകളിലൊന്നുമാണ് അഞ്ചുതെങ്ങ്. സാമൂഹ്യ ആരോഗ്യകേന്ദ്രം അഞ്ചുതെങ്ങ് (സി.എച്ച്.സി), ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറി നെടുങ്കണ്ട (ആയൂര്‍വേദം), ഗവ. ഹോമിയോ ഡിസ്പെന്‍സറി എന്നിങ്ങനെ സര്‍ക്കാരുടമസ്ഥതയിലുള്ള മൂന്ന് ആരോഗ്യസ്ഥാപനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലുള്ളത്. കേരളത്തിലുടനീളം നിലവിലുണ്ടായിരുന്നതുപോലെ കുടിപ്പളളിക്കൂട സമ്പ്രദായമാണ് പണ്ടുകാലത്ത് അഞ്ചുതെങ്ങുപ്രദേശത്തും നിലനിന്നിരുന്നത്. 1924 മുതല്‍ നെടുങ്കണ്ട ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് കാരണവന്മാര്‍ പറയുന്നു.
സംസ്കാരം
അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കുവാന്‍ തിരുനെല്‍വേലിയില്‍ നിന്നും ജോലിക്കാരായി വന്നവര്‍ക്ക് (ചെട്ടിമാര്‍) ജംഗ്ഷനു സമീപം ആരാധനയ്ക്ക് വേണ്ടി അമ്മന്‍കോവില്‍ക്ഷേത്രം പണിതീര്‍ത്തു. അവരോടൊപ്പം തട്ടാന്മാര്‍ എന്ന സമുദായക്കാരും വന്നിരുന്നു. അവരുടെ ആരാധനാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മുത്തുമാരിയമ്മന്‍ കോവില്‍ പണിതീര്‍ക്കുകയും ചെയ്തു. 1928 മുതല്‍ സമ്മിശ്ര സാംസ്കാരിക അന്തരീക്ഷമാണ് അഞ്ചുതെങ്ങ് പ്രദേശത്തിനുള്ളത്. അഞ്ചുതെങ്ങിലെ ആദ്യകാല തദ്ദേശവാസികള്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍ അരയന്മാര്‍ (മരയ്ക്കാര്‍) ആയിരുന്നു. ഇവരുടെ തൊഴില്‍ മത്സ്യ ബന്ധനവും, കയര്‍നിര്‍മ്മാണവുമായിരുന്നു. കോട്ട സ്ഥാപിക്കാന്‍ വന്നവരായ ബ്രാഹ്മണര്‍ക്ക് മഠമായി മാമ്പളളിയും, ആരാധിക്കാന്‍ അമ്മന്‍കോവിലും, മുത്തുമാരിയമ്മന്‍കോവിലും സ്ഥാപിക്കപ്പെട്ടു. ആറാം വാര്‍ഡില്‍ ചെക്കുംമൂട് കേന്ദ്രമാക്കി പ്രസിദ്ധമായ കഥകളി കേന്ദ്രം ഉണ്ടായിരുന്നുവെന്ന് കേള്‍ക്കുന്നു. ഒരുകാലത്ത് ഗുസ്തിമത്സരങ്ങളും വളളം കളിയും (അഞ്ചുതെങ്ങ് കായലില്‍) നടന്നിരുന്ന നാടാണിതെന്ന് സൂചനകളുണ്ട്. ഒരുകാലത്ത് മറ്റേതുനാടിനേക്കാളും മുമ്പേ പരിഷ്കൃതമായ വേഷഭൂഷ സമ്പ്രദായങ്ങള്‍ സായത്തമാക്കിയിരുന്നവരാണ് അഞ്ചുതെങ്ങുകാര്‍ എന്ന് വ്യക്തമായ സൂചനകളുണ്ട്. ഫുള്‍സൂട്ടും തൊപ്പിയും അണിഞ്ഞ പെണ്‍കുട്ടികളും പുരുഷന്‍മാരും ഈ കടലോര ഗ്രാമത്തിന്റെ വീഥികളില്‍ നടന്നിരിന്നു. അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വര ക്ഷേത്രത്തിലും, സ്വാമിമഠത്തിലും പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത് സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി പോരാടിയ ശ്രീനാരായണഗുരുവാണ്. വിപ്ലവത്തിന്റെ വെളളിനക്ഷത്രമായിരുന്ന മഹാകവി കുമാരനാശാന്റെ ജനനവും ഈ ഗ്രാമത്തിലാണ്. വൈദേശികാധിപത്യത്തിനെതിരെ ഭാരതത്തില്‍ നിന്ന് ആദ്യ വെല്ലുവിളികളുയര്‍ന്നതും ഈ കൊച്ചുഗ്രാമത്തിന്റെ വിരിമാറിലാണ്. പഞ്ചായത്തില്‍ കത്തോലിക്കരും ഹിന്ദുക്കളും, മുസ്ലീം കുടുംബങ്ങളുമുണ്ട്. തിരുനെല്‍വേലി ഡിസ്ട്രിക്ട് ബോര്‍ഡ് ആരംഭിച്ച ബോര്‍ഡ് ബോയ്സ് എല്‍.പി.എസ്. കൊന്നയില്‍ സ്ഥാപിതമായതോടെയാണ് അഞ്ചുതെങ്ങ് പ്രദേശത്ത് സ്ക്കൂളുകളുടെ ആരംഭം കുറിച്ചത്. പില്‍ക്കാലത്ത് ഈ സ്ക്കൂള്‍ മണ്ണാക്കുളം ഭാഗത്ത് സ്ഥാപിക്കുകയും, 1960-ല്‍ സര്‍ക്കാര്‍ തെരുവത്ത് സ്ഥലം ഏറ്റെടുത്തു കൊടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്ഥാപിച്ചതാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍. അഞ്ചുതെങ്ങില്‍ 1948-ല്‍ പളളി ഗ്രൌണ്ടിനു സമീപം വോള്‍ഗാ തിയേറ്റര്‍ എന്ന പേരില്‍ ഒരു സിനിമാശാല സ്ഥാപിക്കുകയുണ്ടായി. പക്ഷേ ഒരു കൊല്ലം മാത്രമേ ഇത് പ്രവര്‍ത്തിച്ചുള്ളൂ. 1928-മുതല്‍ യൂണിയന്‍ പഞ്ചായത്തിനോടൊപ്പം തന്നെ കോട്ടയ്ക്കു സമീപം മജിസ്ട്രേട്ട് കോടതി പ്രവര്‍ത്തിച്ചിരുന്നു. ആ കോടതിയിലെ മജിസ്ട്രേട്ടിന് തഹസീല്‍ദാര്‍, സബ് രജിസ്ട്രാര്‍, മുന്‍സിഫ്, സെക്കന്റ് ക്ലാസ്സ് മജിസ്ട്രേട്ട് എന്നിവരുടെ അധികാരങ്ങളുണ്ടായിരുന്നു. ആ കോടതി സ്ഥലമാണ് ഇന്ന് കച്ചേരി ആശുപത്രിയായി അറിയപ്പെടുന്നത്. ശ്രീനാരായണഗുരുവിന്റെ കര്‍മ്മമണ്ഡലങ്ങളിലൊന്നായിരുന്നു വളരെക്കാലം അഞ്ചുതെങ്ങ്. ഗുരു സ്ഥാപിച്ച സ്കൂളാണ് 1924-ല്‍ സ്ഥാപിതമായ നെടുങ്കണ്ട എച്ച്.എസ് എന്ന് കരുതപ്പെടുന്നു. ചെക്കുംമൂട്ടില്‍ (വാര്‍ഡ്-6) കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു.
കേരള ഗെവേര്‍ന്മേന്റ്റ്